കൽപ്പറ്റ: ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തില്‍ പ്രതിചേർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദ്ദേശം നല്കി കോടതി. വയനാട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണൻ്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
ഇവർ ഇരുവർക്കും കെകെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് ഇതിനെതിരെ കോടതി നിർദ്ദേശം നല്‍കിയത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎല്‍എയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ എൻ എം റഷീദ് പറഞ്ഞു.