ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ എഫ്‌ഐആര്‍ ചോദ്യം ചെയ്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശര്‍മയും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്, ഡികെ ശിവകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. അനധികൃത സ്വത്തു കേസിലെ അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി സിബിഐയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.
2013ഉം 2018ഉം ഇടയിലുള്ള കാലയളവില്‍ ശിവകുമാര്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. ഈ കാലയളവില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ശിവകുമാര്‍.