Kerala
സൈക്കിളിൽ നിന്ന് വീണു, കണ്ണിൽ ബ്രേക്ക് ലിവർ കുത്തിക്കയറി; 60കാരൻ മരിച്ചു

കൊല്ലം: സൈക്കിളിൽ നിന്ന് വീണ് ബ്രേക്ക് ലിവർ കണ്ണിൽ കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി മുരളീധരൻ(60) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ശക്തികുളങ്ങര മള്ളേഴത്തുമുക്കിലായിരുന്നു അപകടം. സൈക്കിളിൽ കമിഴ്ന്ന് വീണ നിലയിൽ കണ്ട മുരളീധരനെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർക്ക്ഷോപ്പിൽ ജോലിതിരിക്കിയ ശേഷം മടങ്ങിവന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഭാര്യ: സുജാത (ഉഷ). മക്കൾ: മഹേഷ്, മുകേഷ്. മരുമക്കൾ:ലക്ഷ്മിപ്രിയ, ശോഭിക. സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് നടക്കും.