Kerala
സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 10 ലക്ഷം തട്ടി, ഒരാൾ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡില്‍ എത്തി പിടികൂടിയത്. 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മറ്റ് പ്രതികള്‍ക്കായും അന്വേഷണം ഊർജിതമാക്കി.
ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനി ബന്ധപ്പെട്ടു. സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് ബന്ധപ്പെട്ടത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കി 10 ലക്ഷത്തില്‍ അധികം രൂപ സംഘം കൈക്കലാക്കി. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ജാർഖണ്ഡിലേക്ക് എത്തി.
13 ദിവസം പൊലീസ് ജാർഖണ്ഡിലെ പലയിടങ്ങളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ ജാമ്താരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു.