തിരുവനന്തപുരം: സിനിമാ ഗായകരുടെ സംഘടനയായ സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസിൽ (സമ) നിന്നും സൂരജ് സന്തോഷ് രാജി വെച്ചു. തനിക്ക് നേരെ നടന്ന സംഘടിത സൈബർ ആക്രമണത്തിൽ സംഘടന തന്നെ പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി.
അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൂരജിനെ നേരെ സൈബർ ആക്രമണമുണ്ടായത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും സോഷ്യൽമീഡിയയിലൂടെ ചിത്ര ആഹ്വാനം ചെയ്തതിനെ സൂരജ് വിമർശിച്ചിരുന്നു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്റെ വിമർശനം.
അവസാനമില്ലാത്ത സൈബർ ആക്രമണത്തിനാണ് കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് നേരെ ഉയരുന്നതെന്ന് ഫെയ്സ്ബുക്കിലൂടെ സൂരജ് പറഞ്ഞിരുന്നു. മുൻപും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഇത്തവണ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമാണെന്നും സൂരജ് പറഞ്ഞു. നിയമനടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ സൂരജ് താൻ തളരില്ല, തളർത്താൻ പറ്റില്ല എന്നും കൂട്ടിച്ചേർത്തു.