ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് രാധാനഗറില്‍ മകളെ പീഡിപ്പിച്ചയാളെ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി അമ്മ. രാജു മണ്ടല്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ നിരന്തരം ഇവരുടെ വീട്ടില്‍ കടന്നുകയറുകയും പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുന്നതും പതിവായിരുന്നു.
ഗ്രാമവാസികളോടടക്കം പരാതികള്‍ പറഞ്ഞിട്ടും ആരും ഒരു നടപടിയും സ്വീകരിക്കാഞ്ഞതോടെയാണ് രാജു മണ്ടലിനെ കൊലപ്പെടുത്താന്‍ അമ്മയും മകളും ചേര്‍ന്ന് തീരുമാനിച്ചത്. വെള്ളിയാഴ്ച ഇരുവരും ഇലക്ട്രിക്ക് വയര്‍ വാങ്ങി, അതിന്റെ സുരക്ഷാ കവര്‍ നീക്കം ചെയ്ത ശേഷം മുളവടിയില്‍ അത് ചുറ്റി. അതുമായി വൈദ്യുതി കടന്നുപോകുന്ന കോപ്പര്‍വയര്‍ ബന്ധിപ്പിച്ചു വാതിലിനുമുന്നില്‍ വച്ചു. വെള്ളിയാഴ്ച രാജു ഇവരുടെ വീട്ടിലേക്ക് വന്നില്ല.
തൊട്ടടുത്ത ദിവസം രാത്രി പത്തുമണിയോടെ മദ്യപിച്ച് ബോധമില്ലാതെ അവിടെയത്തിയ രാജു അമ്മയെയും മകളെയും ചീത്തവിളിക്കുകയും വീട്ടിനകത്തേക്ക് കയറുന്നതിനിടയില്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു.