ബംഗളൂരു: മദ്യപിച്ച് എത്തിയ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചതോടെ കോളജ് ക്യാമ്പസില്‍ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു. ബിഹാര്‍ സ്വദേശിയായ ജയ് കിഷോര്‍ റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22കാരനായ വിദ്യാര്‍ഥിയായ ഭാര്‍ഗവ് ജ്യോതി ബര്‍മനാണ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ കെംപാപുര സിന്ധി കോളേജിലായിരുന്നു സംഭവം.
കോളജിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാര്‍ഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോര്‍ ഇവരെ തടഞ്ഞു. മദ്യപിച്ചെത്തിയതിനാലാണ് ഇവരെ കോളജിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്. തുടര്‍ന്ന് തിരികെപോയ ഭാര്‍ഗവ് സമീപത്തെ കടയില്‍നിന്ന് ഒരു കത്തി വാങ്ങി മടങ്ങിയെത്തി. പിന്നാലെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
വിദ്യാര്‍ഥിയുടെ പരാക്രമം കണ്ട് മറ്റ് വിദ്യാര്‍ഥികള്‍ ഭയന്നോടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ ചെറുക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിച്ചെങ്കിലും കുത്തേറ്റതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞുവീണു. പ്രതി മദ്യപിച്ചിരുന്നോയെന്ന് സ്ഥിരികരിക്കാനായി രക്തപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു.