ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച റോഹ്തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഒരു നീല സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണപ്പെട്ട വ്യക്തി കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളാണ് എന്ന് തിരിച്ചറിഞ്ഞു. ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നർവാൾ കോൺഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലെയും നിത്യസാന്നിധ്യമായിരുന്നു
മൃതദേഹത്തിന്റെ കഴുത്തിൽ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്യൂട്ട് കേസ് ആരാണ് ഉപേക്ഷിച്ചത് എന്ന് കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ് എന്നും സാംപ്ല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജേന്ദർ സിംഗ് പറഞ്ഞു.
നർവാളിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതാക്കൾ ഞെട്ടലും രോഷവും പ്രകടിപ്പിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

