Crime
മകളെ നിരന്തരം ഉപദ്രവിക്കുന്നു;മരുമകനെ ഓടുന്ന ബസിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ദമ്പതികൾ
മുംബൈ: മകളെ നിരന്തരം ഉപദ്രവിച്ചതിന് മരുമകനെ ഓടുന്ന ബസിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലാണ് സംഭവം. മകളുടെ ഭർത്താവായ സന്ദീപ് ഷിര്ഡഗാവെ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോലാപൂർ സ്വദേശികളായ ഹനുമന്തപ്പ കാലെ (48). ഭാര്യ ഗൗരവ കാലെ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോലാപൂർ ബസ് സ്റ്റാന്റിൽ വെച്ച് സന്ദീപിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ശ്വാസം മുട്ടിയാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബാഗിലെ രേഖകളിലൂടെയാണ് യുവാവിനെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബാഗിൽ നിന്ന് ലഭിച്ച ഫോണിൽ നിന്ന് ഭാര്യയുടെ നമ്പർ കണ്ടെത്തിയ പൊലീസ് ഇവരെ ബന്ധപ്പെട്ടിരുന്നു. തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം സന്ദീപ് യാത്ര പുറപ്പെട്ടിരുന്നുവെന്നായിരുന്നു ഭാര്യയുടെ മൊഴി. മറ്റൊന്നും തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് സംശയം ഭാര്യയുടെ മാതാപിതാക്കളിലേക്കെത്തുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു യുവതിയും യുവാവും ചേർന്ന് സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഭാര്യയുടെ മാതാപിതാക്കളാണെന്ന് കണ്ടെത്തുകയും പിന്നാലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.