ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം. ഭക്ഷണം വിളമ്പാൻ വൈകി എന്നതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സ്വപ്ന എന്ന യുവതിയെ റായ്പൂരിലെ ഡികെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഭർത്താവായ സുനിൽ ജഗ്ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു.
വീട്ടിലെത്തിയ ശേഷം സുനിൽ ഭക്ഷണം വിളമ്പാൻ സ്വപ്നയോട് ആവശ്യപ്പെട്ടു. എന്നാൽ മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഭാര്യ ഭക്ഷണം നൽകാൻ വൈകി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തർക്കത്തിനിടയിൽ ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് ഗുധിയാരി പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു