Crime
ബലാത്സംഗത്തെ എതിർത്ത ഒന്നാം ക്ലാസുകാരിയെ പ്രിൻസിപ്പൽ കൊലപ്പെടുത്തി; മൃതദേഹം കാറില്‍ സൂക്ഷിച്ചു
ആറുവയസുകാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്തതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ പ്രിൻസിപ്പൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ദാഹോദിൽ നടന്ന ക്രൂരകൃത്യത്തിൽ 55കാരനായ ഗോവിന്ദ് നാട്ടിനെ പോലീസ് അറസ്റ്റു ചെയ്തു.
കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം സ്കൂൾ കോമ്പൗണ്ടിലും ബാഗും ചെരുപ്പും ക്ലാസ് മുറിക്ക് സമീപവും ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടി മരിച്ചതായി തെളിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രിൻസിപ്പൽ കുടുങ്ങിയത്. എല്ലാ ദിവസവും ഗോവിന്ദ് നാട്ടിനൊപ്പമാണ് പെൺകുട്ടി സ്‌കൂളിൽ പോയിരുന്നതായി പെൺകുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. എന്നാൽ താൻ പെൺകുട്ടിയെ സ്‌കൂളിൽ എത്തിച്ച ശേഷം തൻ്റെ ചുമതലകൾ നിർവഹിക്കുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇത് കള്ളമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാവിലെ പത്തരയോടെ പ്രിൻസിപ്പൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. എന്നാൽ അന്നേ ദിവസം സ്‌കൂളിൽ കുട്ടി എത്തിയില്ല. സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളിലേക്കുള്ള വഴിയിൽ പ്രിൻസിപ്പൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി നിലവിളിക്കാന്‍ തുടങ്ങി. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ശ്വാസം മുട്ടി മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ പെൺകുട്ടിയുടെ മൃതദേഹം കാറിൽ സൂക്ഷിച്ചു വൈകിട്ട് അഞ്ച് മണിക്ക് ശേഷം മൃതശരീരം സ്കൂൾ കെട്ടിടത്തിന് പിന്നിൽ കൊണ്ടിടുകയും ബാഗും ഷൂസും പെൺകുട്ടിയുടെ ക്ലാസ് മുറിക്ക് പുറത്ത് ഉപേക്ഷിക്കുകയും ചെയ്തു. കൃത്യം നടന്ന ദിവസത്തെ ഗോവിന്ദ് നാട്ടിൻ്റെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ അന്ന് വൈകിയാണ് സ്‌കൂളിലെത്തിയതായികണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.