
മഹാരാഷ്ട്രയിലെ മുംബൈയില്‍ ഫോണില്‍ ഉറക്കെ സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 30കാരനായ ജിതേന്ദ്ര ചൗഹാനെ കൊലപ്പെടുത്തിയ 25കാരന്‍ അഫ്‌സര്‍ ആലമിനെയാണ് മുംബൈയില്‍ അറസ്റ്റിലായത്. കാന്തിവ്‌ലി വെസ്റ്റില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്നിടത്താണ് കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരും താമസിച്ചിരുന്നത്.
സംഭവ ദിവസം ഐപിഎല്‍ മത്സരം കാണുകയായിരുന്നു അഫ്‌സര്‍ ആലം. ഇതിനിടെ ജിതേന്ദ്ര ചൗഹാന്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ആലത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി. ഇതോടെ ആലം ശബ്ദം താഴ്ത്താന്‍ ജിതേന്ദ്രയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ജിതേന്ദ്ര സംസാരം തുടര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്നാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ജിതേന്ദ്രയെ ആലം തള്ളിയിട്ടത്. ജിതേന്ദ്രയെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

