ചണ്ഡിഗഡ്: വിവാഹ ദിനത്തിൽ 24കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിശ്രുത വധുവിൻ്റെ മുൻ കാമുകൻ അറസ്റ്റിൽ. ഗൗരവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച പിതാവ് നൽകിയ പരാതിയിലാണ് വധുവിൻ്റെ മുൻ കാമുകനായ സൗരവ് അറസ്റ്റിലായത്.

ഏപ്രിൽ 17നായിരുന്നു 24കാരനായ ഗൗരവ് എന്ന യുവാവ് കൊല്ലപ്പെട്ടത്. വിവാഹ ദിനത്തിൽ അഞ്ച് പേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം നിശ്ചയിച്ചതിന് ശേഷം മകനെ ഒരാൾ ഭീഷണിപ്പെടുത്തിയതായും നടന്നത് മോഷണ ശ്രമത്തിന് ഇടയിലുള്ള കൊലപാതകമല്ലെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൗരവിൻ്റെ പ്രതിശ്രുത വധുവിൻ്റെ മുൻ കാമുകനായ സൗരവ് അറസ്റ്റിലായത്.

