പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മൻസൂറിന്റെ വീട്ടിലെ കാർ, ബൈക്ക്, ട്രാവലർ, ടിപ്പർലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകർത്തത്.
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയുളള ഡ്രസ്സ് കോഡിൽ തുടങ്ങിയ തർക്കമാണ് ഇത്തരത്തിൽ പ്രതികാരത്തിലേയ്ക്ക് എത്തിച്ചത്. സുഹൃത്തുക്കൾ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് മൻസൂറിന്റെ സഹോദരൻ പണം നൽകിയിരുന്നില്ല. ഇതിൽ ദേഷ്യപ്പെട്ട് സുഹൃത്തുക്കളിലൊരാൾ രാത്രി വീട്ടിൽക്കയറി വന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് തല്ലുകയും ചെയ്തു. പിന്നീട് പ്രശ്നം ഒത്തുതീർപ്പായെങ്കിലും വീണ്ടും ഇയാൾ വീട്ടിൽവന്ന് പ്രശ്നമുണ്ടാക്കി.
ഇതോടെ പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഇവർ സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്തതെന്നാണ് മൻസൂറിന്റെ സഹോദരൻ പറയുന്നത്.