Crime
പാഴ്സലായി പുരുഷൻ്റെ ശരീരവും കത്തും; ഭയന്ന് വിറച്ചു യുവതിയും കുടുംബവും
യുവതിക്ക് അജ്ഞാത വിലാസത്തിൽ നിന്നും ലഭിച്ച പാഴ്സൽ കണ്ട് ഞെട്ടി നാട്ടുകാർ. പെട്ടിക്കുള്ളിൽ ഒരു പുരുഷൻ്റെ മൃതദേഹവും കത്തുമാണ് ലഭിച്ചത്. 1.3 കോടി രൂപ ആവശ്യപ്പെട്ടാണ് കത്ത്. നിർദേശം പാലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് അതിൽ ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി യെൻഡഗണ്ടി സ്വദേശിയായ നാഗ തുളസിക്കാണ് പാഴ്സൽ ലഭിച്ചത്.
വീട് നിർമ്മിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ ഇവർ അപേക്ഷ സമർപ്പിച്ചിരുന്നു. സമിതി യുവതിക്ക് സഹായമായി ടൈൽസ് അയച്ചു നൽകി. ഇതിന് പിന്നാലെ കൂടുതൽ സഹായമാവശ്യപ്പെട്ട് വീണ്ടും നാഗസി സംഘടനയെ സമീപിച്ചു. വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് ഇത്തവണ സമിതി ഉറപ്പുനൽകി. ഇത് സംബന്ധിച്ച് സന്ദേശവും അപേക്ഷകയ്ക്ക് വാട്‌സ്ആപ്പിൽ ലഭിച്ചിരുന്നു.
ഇന്നലെ ഒരാൾ വൈദ്യുതി ഉപകരണങ്ങളാണ് എന്ന് പറഞ്ഞ് ഒരു പെട്ടി യുവതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് അതിൽ ഒരാളുടെ മൃതദേഹം കണ്ടത്. പരിഭാന്ത്രിയിലായ നാഗ തുളസിയും കുടുംബാംഗങ്ങളും പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് അദ്‌നാൻ നയീം അസ്മിയുടെ നേതൃത്വത്തിൽ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.