Crime
അമ്മ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; പിടിയിലായത് മകളും പ്രതിശ്രുതവരനും
അമ്മ മരിച്ചുകിടക്കുന്നത് കണ്ട് പോലീസ് തുടങ്ങിയ അന്വേഷണം അവസാനിച്ചത് മകളിലും പ്രതിശ്രുതവരനിലും. ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് കൊലപാതകം നടന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മകളും പ്രതിശ്രുതവരനും മറ്റൊരാളും ചേര്‍ന്നാണ് കൊല നടത്തിയത് എന്ന് തെളിഞ്ഞത്. ഇതോടെ മൂവരും അറസ്റ്റിലായി. മോണിക്ക, നവീൻ കുമാർ, ഇയാളുടെ സുഹൃത്ത് ഹരിയാനയിലെ യോഗേഷ് എന്ന യോഗി എന്നിവരാണ് പിടിയിലായത്. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് നല്‍കുന്ന സൂചന.
മോണിക്കയാണ് പോലീസിനെ വിളിച്ചത്. അമ്മ വീട്ടിലുണ്ട്. നജഫ്ഗഡ് മെയിൻ മാർക്കറ്റിലെ ഫ്ലാറ്റില്‍ നാലാം നിലയിലാണ് താമസം. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കുന്നില്ല എന്നാണ് മകള്‍ പറഞ്ഞത്. വാതില്‍ തകര്‍ത്താണ് പോലീസ് അകത്തുകയറിയത്. മോണിക്കയുടെ അമ്മയായ സുമിത്ര തറയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. നെറ്റിയിലും കണ്ണുകളിലും കൈത്തണ്ടകളിലും മുറിവുണ്ടായിരുന്നു. വായയില്‍ നിന്നും രക്തവും വന്നിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് പുരുഷന്മാരും ഒരു യുവതിയും പുലർച്ചെ 2.18ന് ഫ്ലാറ്റിലേക്ക് വരുന്നത് കണ്ടു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി മോണിക്ക ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് യുവതിയേയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുകയും ചെയ്തത്.