India
കൂട്ടബലാത്സംഗത്തിൽനിന്നും രക്ഷപ്പെടാൻ ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്, പ്രശംസിച്ച് പോലീസ്
ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനുനേരെ കൂട്ടബലാത്സംഗ ശ്രമം. ഡോക്ടർ അടക്കം മൂന്നുപേരാണ് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് നഴ്സ് ബലാത്സംഗ ശ്രമത്തെ ചെറുത്തത്. ബിഹാറിലെ ഗംഗാപൂരിലുള്ള ആർബിഎസ് ആരോഗ്യകേന്ദ്രത്തിലാണ് സംഭവം.
ബുധനാഴ്ച രാത്രിയാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ നഴ്സിനെ മദ്യലഹരിയിൽ ഡോക്ടറും രണ്ടു സഹായികളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി കയ്യിൽ കിട്ടിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടശേഷം പുറത്ത് ഒരിടത്ത് ഒളിച്ചിരുന്ന നഴ്സ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഡോക്ടർ അടക്കം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി ഡിഎസ്‌പി സഞ്ജയ് കുമാർ പാണ്ഡ്യ പറഞ്ഞു. നഴ്‌സിനെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് അക്രമികൾ ആശുപത്രി അകത്ത് നിന്ന് പൂട്ടുകയും സിസിടിവി ക്യാമറകൾ ഓഫ് ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമം അതിജീവിക്കാൻ യുവതി കാണിച്ച മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.