Crime

വീണ്ടും ചോര തെറിപ്പിച്ച് മുംബൈ അധോലോകം; ബാബ സിദ്ദിഖിയുടെ വധത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്; രാഷ്ട്രീയ നേതൃത്വവും ഭീതിയില്‍

മുംബൈ അധോലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് ലോറന്‍സ് ബിഷ്ണോയുടെ സംഘം നടത്തുന്നതെന്ന നിഗമനത്തില്‍ പോലീസ്. ബാബ സിദ്ദിഖിയുടെ വധത്തിന് ഇതുമായി ബന്ധമുണ്ട് എന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഹരിയാന, യുപി സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരാണ് വധത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ലോറന്‍സ് ബിഷ്ണോയ് സംഘവുമായാണ് ബന്ധം. ഏറെക്കാലത്തിനു ശേഷമാണ് മുംബൈയില്‍ വീണ്ടും ചോര തെറിക്കുന്നത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ബാബ സിദ്ദിഖി വെടിയേറ്റ്‌ മരിച്ചതാണ് മുംബൈയെ ഞെട്ടിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഭരണകക്ഷി നേതാവിന്റെ വധം മഹാരാഷ്ട്ര സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ശക്തമായ രാഷ്ട്രീയ-സിനിമാ ബന്ധങ്ങളുള്ള നേതാവാണ്‌ ബാബ സിദ്ദിഖി. അതുകൊണ്ട് തന്നെ വധത്തിലെ നടുക്കം രാഷ്ട്രീയ രംഗത്തുനിന്നും ബോളിവുഡിലേക്കും സംക്രമിക്കുകയാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്‍റെ പേരിൽ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയവരാണ് ബിഷ്ണോയ് സംഘം. സല്‍മാന്റെ സുഹൃത്തുക്കള്‍ എല്ലാവരും ശത്രുവാണ് എന്നാണ് ഇവർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഭീതിയാണ് ബോളിവുഡിനേയും രാഷ്ട്രീയ നേതാക്കളെയും അലട്ടുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമുള്ള സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോര് ഒഴിവായത് സിദ്ദിഖിക്കിയുടെ നയചാതുരിയിലാണ്. രണ്ട് ഖാന്‍മാരുമായും വളരെ അടുത്ത ബന്ധമാണ് സിദ്ദിഖിക്ക് ഉള്ളത്. ബിഗ്‌ ബോസ് ഷൂട്ടിംഗ് ഒഴിവാക്കിയാണ് മൃതദേഹം കാണാന്‍ സല്‍മാന്‍ ഖാന്‍ എത്തിയത്. മുംബൈയില്‍ വര്‍ഷങ്ങളുടെ കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവായിരുന്നു സിദ്ദിഖി. ഈയിടെയാണ് കോണ്‍ഗ്രസ് വിട്ട് അജിത്‌ പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്‍റെ മകന്‍ സീഷാന്‍ സിദ്ദിഖി ബാന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സീഷാനെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്.

1999, 2004, 2009 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് തവണയാണ് സിദ്ദിഖി എംഎല്‍എയായത്. 2004 മുതല്‍ 2008 വരെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സുനില്‍ ദത്തുമായി വളരെ അടുപ്പത്തിലായിരുന്നു സിദ്ദിഖി. സുനില്‍ ദത്തിന്റെ മകനും സിനിമാതാരവുമായ സഞ്ജയ്‌ ദത്തുമായും ഇതേ അടുപ്പം എന്‍സിപി നേതാവിനുണ്ട്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ എത്തുന്ന ഇഫ്താര്‍ വിരുന്നുകളാണ് സിദ്ദിഖി നടത്തിയിരുന്നത്. ഈ വിരുന്നുകള്‍ ഏറെ പ്രശസ്‌തമായിരുന്നു.

സല്‍മാന്‍ഖാന് നേരെ വധഭീഷണി മുഴക്കിയിട്ടുള്ളത് ലോറന്‍സ് ബിഷ്ണോയി സംഘമാണ്. സിദ്ദിഖി വധത്തില്‍ പിടിയിലായവര്‍ക്ക് ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ട് എന്നാണ് പോലീസിന്റെ വെളിപ്പെടുത്തലും. സല്‍മാന്‍ഖാനും പിതാവിനും ഈ സംഘത്തിന്റെ വധഭീഷണിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top