സ്കൂൾ ബാഗിനുള്ളിൽ തോക്കുമായി എത്തിയ അഞ്ചു വയസുകാരൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ വെടിവച്ചു. ബിഹാറിലെ സുപോൾ ജില്ലയിലെ സെന്റ് ജോയൻ ബോർഡിങ് സ്കൂളിലാണ് സംഭവം. നഴ്സറി വിദ്യാർത്ഥിയായ ആൺകുട്ടി സ്കൂൾ ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് തോക്ക് കൊണ്ടുവന്നതെന്നും, തുടർന്ന് 10 വയസുള്ള കുട്ടിയെ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു
വെടിയേറ്റ് 10 വയസുകാരന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. ”ഞാൻ എന്റെ ക്ലാസിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് ആ കുട്ടി ബാഗിൽനിന്നും തോക്കെടുത്ത് എന്നെ വെടിവയ്ക്കാൻ ശ്രമിച്ചു. ഞാൻ തടയാൻ ശ്രമിച്ചപ്പോൾ എന്റെ കൈയ്ക്ക് വെടിയേറ്റു,” പരുക്കേറ്റ കുട്ടി പറഞ്ഞു. വെടിവച്ച കുട്ടിയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന കുട്ടി പറഞ്ഞു.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെടിവച്ച കുട്ടിയും പിതാവും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിലിലാണ് പോലീസ്. സംഭവത്തിനു പിന്നാലെ ജില്ലയിലാകെയുള്ള സ്കൂൾ കുട്ടികളുടെ ബാഗുകൾ പതിവായി പരിശോധിക്കാൻ നിർദേശം നൽകിയതായി മുതിർന്ന പോലീസ് ഓഫീസർ അറിയിച്ചു.