വീട്ടുജോലികള്‍ ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് തുടര്‍ന്നപ്പോള്‍ ക്ഷുഭിതനായ പിതാവ് പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു.
പതിനെട്ടുകാരിയായ മകള്‍ ഹെതാലിയ സ്മിമര്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ പിതാവ് മുകേഷ് (40) അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മ ഗീതാബെന്‍ പര്‍മറിന്‍റെ പരാതിയിലാണ് അറസ്റ്റ്.
അമ്മ ജോലിക്ക് പോയതിനാല്‍ വീട്ടുജോലികള്‍ ചെയ്യാന്‍ മകളോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ മൊബൈലില്‍ കളിക്കുന്നത് തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് ദേഷ്യം വന്ന മുകേഷ് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. പുറത്ത് കളിച്ചുകൊണ്ടിരുന്ന ഹെതാലിയയുടെ സഹോദരന്‍ മായങ്ക് കരച്ചില്‍ കേട്ട് ഓടിവന്നപ്പോഴാണ് ഹെതാലിയ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.