മധ്യപ്രദേശിൽ കടുവ കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ 58കാരി മരിച്ചു. പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്. ശനിയാഴ്ച കന്നുകാലികൾക്കായി പുല്ലുചെത്താൻ പോയ സ്ത്രീയ്ക്ക് നേരെയാണ് കടുവ കുഞ്ഞുങ്ങളുടെ ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. അൻപത്തിയെട്ടുകാരിയായ ഫുലിയ സാഹു അടക്കം മൂന്ന് സ്ത്രീകളാണ് കന്നുകാലികൾക്ക് പുല്ലുചെത്താനായി കടുവ സങ്കേതത്തിലെ നിരോധിത മേഖലയിൽ കടന്നത്.ഇതിനിടെ ഇവർക്ക് നേരെ കടുവ കുഞ്ഞുങ്ങളുടെ ആക്രമണം ഉണ്ടാകുകയായിരുന്നു.
കടുവ കുഞ്ഞുങ്ങൾ ഫുലിയയെ കൂട്ടംചേർന്ന് ആക്രമിച്ചു .വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ ഫുലിയയെ കടുവ കുഞ്ഞുങ്ങൾ ഭാഗികമായി ഭക്ഷിച്ചതായാണ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ പറയുന്നത്. നിസ്സാര പരുക്കുകളോടെ ഇരുവരും അത്ഭുതകരമായാണ് കടുവ കുഞ്ഞുങ്ങളുടെ കടുത്ത ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട സ്ത്രീകൾ വിവരം അറിയിച്ചതിനെ തുടർന്ന് പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കം എത്തിയാണ് ഫുലിയയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്.