മോഷണ കേസില്‍ യുവാവ് അറസ്റ്റിൽ.
ഈരാറ്റുപേട്ട: സ്റ്റോര്‍ റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ, ചിറപ്പാറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെഫീഖ് പി.എം (36) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം അരുവിത്തുറ തടനാൽ ഭാഗത്തുള്ള സ്റ്റോര്‍റൂമിൽ സൂക്ഷിച്ചിരുന്ന 28,000 രൂപ വിലവരുന്ന ഒരു ചാക്ക് ജാതിക്കാകുരുവും, 43,000 രൂപ വില വരുന്ന ഒരു ചാക്ക് ജാതിപത്രിയും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണ മുതലുകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, പ്രകാശ് ജോർജ് എ.എസ്.ഐ മണി കെ.കെ, സി.പി.ഓ മാരായ ജോബി ജോസഫ്, അജിത് എം.ചെല്ലപ്പൻ, അനീഷ്, അശ്വതി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. കൂടാതെ തിടനാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.