ജോലി സംബന്ധമായ സമ്മർദ്ദം മൂലം സൂറത്തിൽ 32 കാരനായ യുവാവ് ഇടത് കൈയിലെ നാല് വിരലുകൾ സ്വയം മുറിച്ച് മാറ്റി. അംഗപരമിതനെന്ന നിലക്ക് ജോലിയിൽ നിന്നും ഒഴിവായിക്കിട്ടുമെന്ന ധാരണയിലാണ് ഇയാൾ വിരലുകൾ ഛേദിച്ചത്. ബന്ധുവിന്റെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടിങ് വിഭാഗത്തിലാണ് മയൂർ താർപറ എന്ന യുവാവ് ജോലി ചെയ്തിരുന്നത്.
എന്നാൽ തെഴിൽ മടുക്കുകയും ജോലി സമ്മർദം താങ്ങാനാകാതെ വരുകയും ചെയ്തതോടെ, ജോലിയിൽ നിന്നും രക്ഷപ്പെടാൻ യുവാവ് കണ്ടെത്തിയ മാർഗമായിരുന്നു വിരൽ മുറിച്ചു മാറ്റുക എന്നത്. കമ്പ്യൂട്ടർ ടൈപ്പിംഗ് ആവശ്യമായ ജോലിയിൽ നിന്നും വിരൽ ഇല്ലെങ്കിൽ തന്നെ ഒഴിവാക്കുമെന്നാണ് കരുതിയാണ് ഇയാൾ കടും കൈയ്ക്കിറങ്ങിയത്.
അന്വേഷിക്കാൻ എത്തിയ പൊലീസിനോട്, സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ അപകടമുണ്ടായി എന്നാണ് മായൂർ പറഞ്ഞത്. അപകടത്തിൽ ബോധം നഷ്ടപ്പെട്ടെന്നും ഉണർന്നപ്പോൾ വിരലുകൾ നഷ്ടമായെന്നും ഇയാൾ മൊഴി നൽകി. എന്നാൽ സംശയം തോന്നിയ പോലീസ് വിശദമായി അന്വേഷിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന സത്യം കണ്ടെത്തിയത്.