India

വിവാഹത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം; മുളകുപൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Posted on

ഹൈദരാബാദ്: വിവാഹ ദിനത്തിൽ വധുവിനെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം. വിവാഹ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ് ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് വധുവിന്റെ അമ്മയും സഹോരനും മറ്റ് ബന്ധുക്കളുമെത്തി ബലമായി പിടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ എതിർക്കാൻ ശ്രമിച്ച വരന്റെ ബന്ധുക്കളുടെ നേരെ മുളകുപൊടി എറിയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് വിവാഹ ചടങ്ങുകൾക്ക് തയ്യാറായ വധുവിനെ, സ്വന്തം അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. വരന്റെ ബന്ധുക്കൾ തടയാൻ ശ്രമിക്കുന്നു. ഇതിനിടെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘത്തിലെ പുരുഷന്മാരിൽ ഒരാൾ എതിർക്കുന്നവർക്ക് നേരെ മുളകുപൊടി എറിയുന്നതും കാണാം. പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നവരിൽ നിന്ന് രക്ഷപ്പെടാൻ വധുവും കുതറിമാറുകയും ബലപ്രയോഗം നടത്തുകയും ചെയ്യുന്നുണ്ട്. കരഞ്ഞ് നിലവിളിക്കുന്ന യുവതിയെ നിലത്തുകൂടി വലിച്ചിഴച്ചാണ് കൊണ്ട് പോകാൻ ശ്രമിക്കുന്നത്.

ആന്ധാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കടിയം എന്ന സ്ഥലത്താണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. വെറ്ററിനറി സയൻസിൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനിടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത സ്നേഹയും വെങ്കടനന്ദുവും ഇക്കഴിഞ്ഞ ഏപ്രിൽ 13ന് വിജയവാഡയിലെ പ്രശസ്തമായ ദുർഗ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരുന്നു. തുടർന്ന് വിപുലമായ വിവാഹ ചടങ്ങുകൾ ഞായാറാഴ്ച നടത്താൻ കുടുംബത്തിലെ മുതിർന്നവർ തീരുമാനമെടുത്തു. സ്നേഹയുടെ കുടുംബാംഗങ്ങളെയും ഇക്കാര്യം അറിയിക്കുകയും അവരെ വിളിക്കുകയും ചെയ്തിരുന്നു.

ഞായാറാഴ്ച ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് സ്നേഹയുടെ അമ്മയും മറ്റ് ഏതാനും ബന്ധുക്കളും സ്ഥലത്തെത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഇവരിലൊരാൾ വരന്റെ വീട്ടുകാർക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്തു. എതിർപ്പ് ശക്തനായിരുന്നതിനാൽ ബന്ധുക്കൾക്ക് സ്നേഹയെ കൊണ്ടുപോകാൻ സാധിച്ചില്ല. സംഭവത്തിൽ പരിക്കേറ്റ വരന്റെ ബന്ധുക്കളിലൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയതിനും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതും പുറമെ സ്വർണം മോഷ്ടിച്ചെന്നും ആരോപിച്ച് വരന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version