Kerala
ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസ്; അഞ്ച് പേർ കസ്റ്റഡിയില്‍
തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയുടെ കൊലപാതക കേസില്‍ അഞ്ചുപേർ കസ്റ്റഡിയിൽ.
സജീർ, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണൻ, നന്ദുലാൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നു. കേസില്‍ കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അരുൺ എം ജി, അരുൺ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കൊലക്കേസ് പ്രതി കൂടിയായ ഗുണ്ടാ നേതാവ് ജോയിക്ക് വെട്ടേറ്റത്. വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ച ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.