Kerala

‘പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം, തിരുത്തേണ്ട പ്രവണതകള്‍ തിരുത്തണം’; തുറന്നടിച്ച് തോമസ് ഐസക്ക്

Posted on

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം. തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണം. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിയത് തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു.

ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ചു പോകണം. അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും, കൂടി അത് പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി പാര്‍ട്ടിക്കാരുടേതല്ല, ജനങ്ങളുടെ പാര്‍ട്ടിയാണ്. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം വേണം. ആ അച്ചടക്കം താന്‍ സ്വയം സ്വീകരിച്ചതാണ്, അല്ലാതെ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടുള്ളതല്ല.

എല്ലാവര്‍ക്കും പാര്‍ട്ടി മെമ്പര്‍മാരാകാന്‍ പറ്റത്തില്ല. പക്ഷെ ഈ പാര്‍ട്ടി ജനങ്ങളുടേതാണ്. അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണം. അല്ലാതുള്ള വിശദീകരണം നല്‍കി മുന്നോട്ടു പോകാന്‍ പറ്റില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒരു വിഭാഗം എതിരായി വോട്ടു ചെയ്തു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു എന്ന് കണ്ടെത്തണം. അതു മനസ്സിലാക്കി തിരുത്തണം. അതിന് സംവാദം വേണം. എന്താണ് പിശക് ?, പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റശൈലിയിലുള്ള അനിഷ്ടമാണോ ?, അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ ?, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ഇഷ്ടക്കുറവാണോ ?, ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നതിലുള്ള ദേഷ്യമാണോ ?എന്നെല്ലാം കണ്ടെണം.

ഒരുപക്ഷവുമില്ലാത്ത ഒരുപാടു പേരുണ്ട്. പ്രത്യേകിച്ച് യുവജനങ്ങള്‍. അവരെയൊക്കെ അകറ്റുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും ശൈലികളും വെല്ലുവിളികളും. അതെല്ലാം എന്തിനാണോ സോഷ്യല്‍ മീഡിയ ഇടപെടുന്നത് ആ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല, എന്നുമാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കും. സ്വയം സൈബര്‍ പോരാളികളായി പ്രഖ്യാപിച്ച് മാന്യതയുടെ സീമ വീട്ട് അപ്പുറത്ത് ചെയ്യുന്നവര്‍ ന്യായം പറയേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. വ്യക്തിപരമായി ഒരു പേരും പറയുന്നില്ല. എന്നാല്‍ ഇങ്ങനെ ഒരു പ്രവണതയുണ്ട്. അത് തിരുത്തപ്പെടേണ്ടതു തന്നെയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version