തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും കാര്യമായ പ്രതിരോധങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനുമില്ല പാർട്ടിയുടെ താഴെ തട്ടിൽ സ്വീകാര്യത.
വിഎസ്-പിണറായി തർക്കം കൊടുമ്പിരി കൊണ്ട സമയത്ത് പോലും ഇത് പോലൊരു വിമർശന കാലം സിപിഎമ്മിനകത്ത് ഉണ്ടായിട്ടില്ല. തുടർ ഭരണം കൂടി കിട്ടിയ ശേഷം പാർട്ടിക്കും സർക്കാരിനും മുഖ്യമന്ത്രി അടിവരയിടുന്നതായിരുന്നു പതിവ്. സംസ്ഥാന നേതൃയോഗങ്ങളിൽ കാര്യമായ ചർച്ചകൾ പോലും നടക്കാറില്ല, സംസ്ഥാന പാർട്ടിയിൽ കേന്ദ്ര നേതൃത്വം ഇടപെടാറുമില്ല. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കാര്യങ്ങളെല്ലാം മാറുകയാണ്.
മൈക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും മകളുൾപ്പെട്ട വിവാദം കൈകാര്യം ചെയ്ത രീതിയുമെല്ലാം കടുത്ത വിമർശനത്തിന് വിധേയമാകുകയാണ്. സംസ്ഥാന സമിതിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്ന രൂക്ഷമായ അഭിപ്രായ പ്രകടനങ്ങൾക്ക് മുന്നിൽ സംസ്ഥാന നേതൃനിരക്കും ഉത്തരം മുട്ടുന്നു. തട്ടകമായ കണ്ണൂരിൽ നിന്ന് അടക്കം വിമർശനങ്ങൾ ഉയർന്നത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു.