Politics
നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണം; വിമർശനത്തോട് പ്രതികരിച്ച് ഇപി ജയരാജൻ
കണ്ണൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിൽ പിന്നീട് പറയാമെന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ പിടിയിലായി. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തിനൊപ്പവും സുഹൈൽ ഉണ്ടായിരുന്നു. സംഘർഷം ഉണ്ടാക്കാനുള്ള സുധാകരന്റെ പദ്ധതിയിലെ പ്രധാനിയാണ് സുഹൈലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രകമ്മിറ്റിയെ കുറിച്ചുള്ള മാതൃഭൂമി വാർത്ത വ്യക്തിഹത്യയാണ്. ഞാൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഞാനും കെ രാധാകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തിട്ടില്ല. പങ്കെടുക്കാത്ത ഞാൻ യെച്ചൂരിയെ കുറിച്ച് പറഞ്ഞു എന്ന് ഇല്ലാത്ത വാർത്ത നൽകി. മാതൃഭൂമി ലേഖകനെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.