തൊടുപുഴ: കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഐഎമ്മിനും മുന്‍മന്ത്രി എം എം മണിക്കുമെതിരെ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍.
ആവശ്യങ്ങള്‍ വരുമ്പോള്‍ പണം തിരിച്ചെടുക്കാനാണ് നിക്ഷേപിക്കുന്നതെന്നും സാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നും ശിവരാമന്‍ പറഞ്ഞു. ബാങ്ക് ഭരണസമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവര്‍ ചിന്തിക്കണമെന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എം എം മണിയുടെ പ്രസംഗം സാബുവിനെയും കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണെന്നും ശിവരാമന്‍ പറഞ്ഞു. നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ? മര്യാദകേടിനും ഒരു പരിധിയുണ്ട്. സാബു തോമസ് ശവക്കല്ലറയില്‍ ശാന്തമായി ഉറങ്ങട്ടെ. സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരതയെങ്കിലും അവസാനിപ്പിക്കണം. ഇതെന്ത് രാഷ്ട്രീയമാണെന്ന് രാഷ്ട്രീയ യജമാനന്മാര്‍ പറയട്ടെയെന്നും കെ കെ ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.