കഴിഞ്ഞ അഞ്ച് വർഷം ഹിന്ദു വർഗ്ഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. യുഡിഎഫ് എംപിമാർ വായ തുറന്നത് കേരളത്തിനെതിരെ പറയാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിൽ ഒരു വികസനവും അനുവദിക്കില്ലെന്ന് പറയുന്ന ഏക പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.
എ കെ ജി സിടി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ. രാജ്യം നിർണ്ണായക തിരഞ്ഞെടുപ്പിനെയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൃദു ഹിന്ദുത്വ വാദികളായ കോൺഗ്രസ്സ് ബിജെപിക്ക് ബദലല്ലെന്ന് തെളിഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി എടുത്ത് ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താനാകും. പ്രധാനമന്ത്രി ചർച്ച മാറ്റി വച്ച് കോൺഗ്രസ്സ് അതിൻ്റെ ഭാഗമാവുകയാണ് വേണ്ടതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഹിന്ദു വർഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തിലെ കോൺഗ്രസ്സ് എം പിമാരെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.