Kerala

തിരുവല്ലയിൽ തെരഞ്ഞെടുപ്പ് പരിപാടിയുമായി സിപിഎം; സംസ്ഥാന സെക്രട്ടറിമാരും ഘടക കക്ഷി നേതാക്കളും പങ്കെടുക്കും

Posted on

പത്തനംതിട്ട: തിരുവല്ലയിൽ ഇന്ന് സിപിഎം സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ്‌. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഓൺലൈൻ വഴി പരിപാടിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിപിഎം – സിപിഐ സംസ്ഥാന സെക്രട്ടറിമാരും, ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാക്കളും പങ്കെടുക്കും.

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള മുൻ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ, എകെജി പഠന ഗവേഷണ കേന്ദ്രമാണ് മൂന്ന് ദിവസം നീളുന്ന ആഗോള പ്രവാസി സംഗമം നടത്തുന്നത്. ചർച്ചകൾ, സെമിനാറുകൾ എന്നിവക്ക് പുറമെ വിദേശ റിക്രൂട്ട്മെന്റിനുള്ള പിന്തുണയും കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നുണ്ട്.

അതേസമയം പത്തനംതിട്ടയിൽ മന്ത്രി വീണ ജോര്‍ജ്ജിനെതിരെ കോൺഗ്രസ് സമരം തുടങ്ങി. ഒരു വശത്ത് സിപിഎം തെരഞ്ഞെടുപ്പ് പരിപാടി നടത്തുമ്പോൾ മറുവശത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിക്കുകയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. പത്തനംതിട്ട നഗരത്തിലെ അബാൻ മേൽപ്പാലത്തിന്‍റെ നിർമ്മാണം വൈകുന്നതിൽ മന്ത്രി വീണാ ജോർജ്ജിനെതിരെ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ് ഇവര്‍. റിംഗ് റോഡിലെ ഗതാഗതം താറുമാറായതോടെ കച്ചവടം നഷ്ടപ്പെട്ട വ്യാപാരികളും സമരത്തിലേക്ക് നീങ്ങുകയാണ്.

നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് 2021 ഡിസംബറിലാണ് അബാൻ മേൽപ്പാലത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 46 കോടി ചെലവിട്ടുള്ള മേൽപ്പാല നിർമ്മാണം 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണ ജോർജ്ജ് പ്രഖ്യാപിച്ചത്. എന്നാൽ നിർമ്മാണം എങ്ങുമെത്തിയില്ല. പാലം പണിക്കായി റിംഗ് റോഡ് അടച്ചതോടെ വ്യാപാരികൾ കഷ്ടത്തിലായി. റോഡുകളും താറുമാറായ നിലയിലാണ്. മേൽപ്പാല നിർമ്മാണം നഗരത്തെ ആകെ നശിപ്പിച്ചെന്നാണ് കോൺഗ്രസ് പറയുന്നത്. അശാസ്ത്രീയ നിർമ്മാണത്തിന് പിന്നിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ജില്ലയിലെ ആദ്യമേൽപ്പാലം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. 611 മീറ്റർ നീളം വരുന്ന പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സ്പാനുകൾ ഒന്നിച്ച് പൂർത്തിയാക്കും വിധം നിർമ്മാണം വേഗത്തിലാക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version