പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ആര്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ് അംഗങ്ങളും സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നാലുപേരും ഒന്നിച്ചതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. വിമതനായി വിജയിച്ച ബിനോയി പ്രസിഡന്റായതോടെ, സിപിഎമ്മിലെ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ ബിനോയിയെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടു വരാന്‍ തീരുമാനിച്ചു.
ഇതിനിടെ, എതിര്‍പ്പുള്ള പാര്‍ട്ടി അംഗങ്ങളോട് ആലോചിക്കാതെ ബിനോയിയെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ശ്രമം നടത്തി. ഇതേത്തുടര്‍ന്ന് സിപിഎമ്മിന്റെ വിപ്പ് ലംഘിച്ച് കഴിഞ്ഞമാസം 19 ന് ബിനോയിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കി. അതിനുശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.