India

ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും

Posted on

കൊല്‍ക്കത്ത: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി എൻആർഎസ് മെഡിക്കൽ കോളേജിൽ എത്തിക്കാനാണ് തീരുമാനം. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നത്.

രാവിലെ 10.30 ന് നിയമ സഭാ മന്ദിരത്തിൽ പൊതു ദർശനം ഉണ്ടാകും. അതിന് ശേഷം കൊൽക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫിസിൽ 11.30 മുതൽ വൈകിട്ട് 3.30 വരെ ആണ് പൊതുദർശനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുദ്ധദേബിന്റെ വസതിയിൽ എത്തി ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യയുടെ അന്ത്യം. 2000 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമാണ് അദ്ദേഹത്തെ പൊതുരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version