പത്തനംതിട്ട: പത്തനംതിട്ട സിപിഐഎമ്മില്‍ നേതൃമാറ്റത്തിന് സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയ കെ പി ഉദയഭാനു ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും.
ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഡി ബൈജുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് നീക്കം. കെ പി ഉദയഭാനുവിന്റെ വിശ്വസ്തനാണ് ടി ഡി ബൈജു
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കുകയാണ്. വൈകിട്ടോടെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുക. മത്സരം ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ കൂടുതല്‍ പേരുടെ പിന്തുണ ടി ഡി ബൈജുവിന് ലഭിച്ചേക്കുമെന്നാണ് വിവരം. ടി ഡി ബൈജു ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യതയാണ് ഉയര്‍ന്നു കാണുന്നത്.