Politics

സിപിഎം രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതുന്നു; ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഇനി പടിക്ക് പുറത്ത്

Posted on

കേരള രാഷ്ട്രീയത്തില്‍ നയംമാറ്റങ്ങളിലേക്ക് സിപിഎം ചുവട് വയ്ക്കുന്നു. രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതാനാണ് പാര്‍ട്ടി നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം. അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ടിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ഒറ്റക്കെട്ടായി യുഡിഎഫിലേക്ക് പോയത് കനത്ത തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങളോട് ചായുന്നുവെന്ന ആരോപണം ശക്തമായതോടെ സിപിഎമ്മിന്റെ പരമ്പരാഗതമായ വോട്ടുകളും പാര്‍ട്ടിയെ കൈവിട്ടു. ഇതെല്ലാം മനസിലാക്കിയാണ് പുതിയ രാഷ്ട്രീയ ലൈനിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.

നയംമാറ്റത്തിന്റെ ഭാഗമായി ലീഗുമായി ഇനി സന്ധി ചെയ്യില്ല. എസ്ഡിപിഐയോടുള്ള സമീപനം ലീഗിനു കൂടി ബാധകമാക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ഒരുമിച്ച് നേരിടാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. ന്യൂനപക്ഷങ്ങളോട് ചായുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നും സിപിഎം വിലയിരുത്തിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സിപിഎം നീക്കങ്ങള്‍ പിഴച്ചത് പാര്‍ട്ടിയില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ -ഭൂരിപക്ഷ വോട്ടുകള്‍ ഒറ്റയടിക്ക് നഷ്ടമായതിന്റെ കാരണങ്ങള്‍ പാര്‍ട്ടി ഘടകങ്ങളില്‍ വിശദീകരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഇത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ നടക്കുമ്പോള്‍ തന്നെയാണ് നയങ്ങളില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയും വരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version