Kerala
ലൈംഗികാതിക്രമ പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസെടുത്തു; നടപടി ആരോപണം വന്നതിന് പിന്നാലെ
ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു. സിപിഎം കായംകുളം പത്തിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പ്രേംജിത്തിന്റെ പേരിലാണു കേസ്. പ്രേംജിത്തിന്റെ അമ്മയുടെ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു യുവതി.
പ്രേംജിത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചതായും ശല്യം തുടര്‍ന്നതിനാലാണു പരാതി നല്‍കിയതെന്നും യുവതി പ്രതികരിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും യുവതി ആരോപിച്ചിരുന്നു.
ലൈംഗികമായി ചൂഷണംചെയ്യാന്‍ പ്രേംജിത്ത് നിരന്തരം ശ്രമിക്കുന്നുവെന്നാണ് കരീലക്കുളങ്ങര സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. “തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ ലൈംഗികാവശ്യവും നിറവേറ്റി തരണമെന്ന് പ്രേംജിത്ത് പറഞ്ഞു. 10 ലക്ഷം രൂപയുടെ കുറവുണ്ടെന്നും കണക്കു ശരിയാക്കി നല്‍കണം എന്ന് പറഞ്ഞു ഓഫീസിലേക്ക് വിളിപ്പിച്ച് മുറിയില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തി.” യുവതി പറഞ്ഞു.