Politics
സീപ്ലെയ്ൻ; ഇടതുമുന്നണിയിൽ ഭിന്നത; സിപിഐയെ തള്ളി സിപിഐഎം
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം വികസനത്തിൽ നിർണായക പങ്ക് വഹിച്ചേക്കാവുന്ന സീപ്ലെയ്ൻ പദ്ധതിയിൽ ഇടതുമുന്നണിയിൽ കല്ലുകടി. പദ്ധതിക്കെതിരായ സിപിഐ വിമർശനത്തെ തള്ളി സിപിഐഎം രംഗത്തുവന്നതോടെയാണ് ഭിന്നത പുറത്തായത്.
ആലപ്പുഴയിൽ സീപ്ലെയ്ൻ വരുന്നത് സ്വാഗതാർഹമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ആലപ്പുഴയുടെ വികസനത്തിന് സീപ്ലെയ്ൻ അത്യാവശ്യമാണ്. വേണ്ട പഠനം നടന്നിട്ടില്ലെന്ന വാദവും തെറ്റാണ്. ഇതുവരെയുള്ള പഠനത്തിൽ യാതൊരു പരിസ്ഥിതിക പ്രശ്നവും ഉണ്ടാകില്ലെന്നാണ് കണ്ടെത്തലെന്നും കായൽ മലിനീകരണം ഉണ്ടാകുമെന്നും മത്സ്യ സമ്പത്ത് കുറയുമെന്നുമുള്ള വാദങ്ങൾ തെറ്റാണെന്നും ആർ നാസർ പറഞ്ഞു. സിപിഐക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നും വസ്തുതകൾ ബോധ്യപ്പെടുമ്പോൾ അവരും യോജിക്കുമെന്നും ആർ നാസർ പറഞ്ഞു.