പയ്യന്നൂർ: വിഭാഗീയത രൂക്ഷമായ പയ്യന്നൂർ സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുത്തതിനെ ചൊല്ലി പോസ്റ്റർ പ്രതിഷേധം.
സാമ്പത്തിക തിരിമറിയുടെ പേരിൽ നടപടിയെടുത്ത നേതാവിനെ പയ്യഞ്ചാലിൽ ബ്രാഞ്ച് സെക്രട്ടറിയാക്കിയതാണ് പോസ്റ്റർ പ്രതിഷേധത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന നേതാവിനെ സാമ്പത്തിക തിരിമറി ആരോപണം ഉയർന്നതിനെ തുടർന്ന് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ വർഷം തരംതാഴ്ത്തിയിരുന്നു. സ്ഥാപനം ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.
ബ്രാഞ്ചിൽ സജീവമായിരുന്ന നേതാവിനെ ഇന്നലെ ചേർന്ന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിനെതിരെയാണ് ഒരു വിഭാഗം പോസ്റ്ററുകൾ ഇറക്കിയത്.
വ്യാജ ആരോപണത്തിന്റെ പേരിൽ നടപടി എടുത്തതിന് സഹകരണ സ്ഥാപനത്തിനെതിരെ നേതാവ് കേസ് നൽകിയിരുന്നു. തിരിമറി നടത്തിയിട്ടില്ലെന്നും പോസ്റ്ററുകൾക്ക് പിന്നിൽ ചില വ്യക്തികളുടെ താത്പര്യങ്ങളെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.