Kerala

കാഫിർ സ്ക്രീൻഷോട്ടിന് ബിജെപി-യുഡിഫ് ബന്ധം; മാപ്പ് പറഞ്ഞാല്‍ വെളിപ്പെടുത്താമെന്ന് എം.വി.ഗോവിന്ദൻ

Posted on

വിവാദങ്ങൾ സൃഷ്ടിച്ച വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അത് നിർമിക്കാൻ ബിജെപിയുടെ സഹായം ലഭിച്ചു. വിഷയത്തിൽ പാർട്ടിക്ക് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ വെളിപ്പെടുത്താമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സിപിഎം അനുകൂല സമൂഹ മാധ്യമങ്ങളിൽ ആണെന്ന് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഡിവൈഎഫ്ഐ നേതാവായ റിബേഷ് ഏപ്രിൽ 25ന് വൈകീട്ട് ‘റെഡ് എൻകൗണ്ടർ’ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം പങ്കുവച്ചത്. പിന്നാലെ ‘റെഡ് ബറ്റാലിയൻ’’ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ‘പോരാളി ഷാജി’, ‘അമ്പലമുക്ക്‌ സഖാക്കള്‍’ എന്നീ ഫെയ്സ്ബുക്ക് പേജുകളിലും ഷെയർ ചെയ്തു. മുൻ എംഎൽഎയും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ഭാര്യയുമായ കെ.കെ.ലതികയും സ്‌ക്രീൻഷോട്ട് പങ്കുവച്ചിരുന്നുവെന്നും പോലീസ് കോടതയില്‍ വ്യക്തമാക്കിയിരുന്നു. സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ച് നിർദ്ദേശിച്ചതിനെ തുടർന്നാണ് കേസിൻ്റെ വിവരങ്ങൾ അറിയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം അവസാനിച്ച ദിവസം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റ വാട്സ്ആപ്പ് പോസ്റ്റ് എന്ന പേരിലായിരുന്നു സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. തൻ്റെ പേരിലുള്ള സ്‌ക്രീൻഷോട്ട് വ്യാജമാണെന്നും അതിനു പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് കാസിം അന്നുതന്നെ വടകര പോലീസിൽ പരാതി നൽകി. എന്നാല്‍ പരാതിക്കാരനെ പ്രതിചേർത്ത് കേസെടുക്കുകയാണ് ചെയ്തത്. കാസിമിനെ ചോദ്യം ചെയ്ത്‌ ഫോൺ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് സ്ക്രീൻ ഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്ന ഹർജിയുമായി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version