തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കെ കെ ശൈലജയേയും എം വി ജയരാജനേയും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്‍. രണ്ട് പേരും പറഞ്ഞത് വ്യക്തിപരമായ നിലപാടാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ തെരഞ്ഞെടുപ്പില്‍ വ്യക്തിഹത്യയില്‍ ഊന്നിയാണ് യുഡിഎഫ് ആദ്യം മുതല്‍ പ്രവര്‍ത്തിച്ചതെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തില്‍ ശൈലജയ്ക്ക് ആര്‍എസ്എസ് നിലപാടാണ് ഉള്ളതെന്ന് പ്രചരിപ്പിച്ചു. എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് വടകരയില്‍ യുഡിഎഫ് മത്സരിച്ചത്. കെ കെ ശൈലജ മുസ്ലീം വിരോധിയെന്ന രീതിയില്‍ പ്രചരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വ്യാജപ്രചാരണം ആണ് നടത്തിയത്. കെ കെ ലതിക പോസ്റ്റ് ഷെയര്‍ ചെയ്തത് ആശയം പ്രചരിപ്പിക്കാനല്ല .ഇക്കാര്യം നാടിന് ആപത്താണ് എന്ന രീതിയിലാണ് ഷെയര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളൊക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ ചില സംഭവ വികാസങ്ങളാണ്. വടകരയില്‍ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായത്. ഒറ്റപ്പെട്ട പ്രശ്‌നം പോലെയാണ് അതിനെ ചിലര്‍ സമീപിക്കുന്നത്. അത് ശരിയല്ല. യഥാര്‍ഥത്തില്‍ ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചുകൊണ്ടാണ് തുടക്കം. മുസ്ലീം സമുദായം മുഴുവന്‍ തീവ്രവാദികളാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു എന്ന പ്രചാരണം ശുദ്ധ അസംബന്ധമായിരുന്നു.
പോരാളി ഷാജിയാണോ ഇടതുപക്ഷം? തെരഞ്ഞെടുപ്പിന്റെ തലേന്ന് ഇത്തരത്തിലൊരു പോസ്റ്റിടേണ്ട കാര്യം പാര്‍ട്ടിക്കെന്താണ്. സിപിഎമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.