Politics
റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്ത് റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സിപിഎമ്മിന്റെ സമ്മേളന സ്റ്റേജ് എങ്ങനെയാണ് നാട്ടിയതെന്ന് കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചാണോ സ്‌റ്റേജിനുള്ള കാല്‍ നാട്ടിയത് ?. റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ വഴി തടഞ്ഞാണ് സമരം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ എങ്ങനെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് സ്‌റ്റേജ് കെട്ടുക. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുനന്വര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
റോഡ് ഗതാഗതം തടഞ്ഞുള്ള സമരം പലപ്പോഴായി കോടതി വിലക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സമരങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് കോടതി ചോദിച്ചു. കൊച്ചി നഗരസഭയ്ക്ക് മുന്നിലും ഫുട്പാത്തില്‍ അടക്കം സമരം നടക്കുന്നത് കാണാം. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.