Kerala
ലീഗുമായി ചേര്‍ന്ന് പദ്ധതി അട്ടിമറിച്ചെന്ന ആരോപണം; കാരാട്ട് റസാഖിനെ തള്ളി സിപിഐഎം
കൊടുവള്ളി: സിറാജ് ഫ്‌ളൈ ഓവര്‍ കം അണ്ടര്‍പാസ് വികസനപദ്ധതി അട്ടിമറിക്കാന്‍ കൊടുവള്ളിയിലെ സിപിഐഎം പ്രാദേശിക നേതൃത്വം മുസ്ലിം ലീഗുമായി ഒത്തുകളിച്ചെന്ന സിപിഐഎം സ്വതന്ത്ര മുന്‍ എംഎല്‍എ കാരാട്ട് റസാഖിന്റെ ആരോപണം തള്ളി സിപിഐഎം. പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും പദ്ധതിക്കായി കൃത്യമായ ഇടപെടലാണ് സിപിഐഎം നടത്തിയതെന്നും ഏരിയാകമ്മിറ്റി വ്യക്തമാക്കി.
സിപിഐഎം പദ്ധതിക്കെതിരാണെന്ന മുന്‍ എംഎല്‍എയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് വന്നതെന്ന് അറിയില്ലെന്നും വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം പ്രസ്താവന പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിപിഐഎം പറഞ്ഞു.
എംഎല്‍എ ആയിരിക്കുമ്പോള്‍ താന്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ ആട്ടിമറിക്കാന്‍ സിപിഐഎം ലീഗിനൊപ്പം കൂട്ട് നിന്നുവെന്നായിരുന്നു കാരാട്ട് റസാഖിന്റെ ആരോപണം. കൊടുവള്ളി സിറാജ് ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സിപിഐഎം മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി . ഇതിനായി രഹസ്യ യോഗം ചേര്‍ന്നത് എല്‍ഡിഎഫ് നേതാവ് വായോളി മുഹമ്മദ് മാസ്റ്ററുടെ ഭാര്യയുടെ വീട്ടിലാണ്. ഈ രഹസ്യ യോഗത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും എം കെ മുനീറുള്‍പ്പെടെയുള്ള ലീഗ് നേതാക്കളും പങ്കെടുത്തുവെന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു.