Politics
ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി; പേടി രഹസ്യങ്ങള്‍ പുറത്ത് എത്തുമോ എന്നതില്‍
പത്തനംതിട്ടയില്‍ ക്രിമിനലുകളെ മന്ത്രിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരിക്കെ പ്രതികരണവുമായി മന്ത്രി വീണ ജോര്‍ജ്. യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച ബന്ധം മറനീക്കിയത് യൂത്ത് കോണ്‍ഗ്രസിന് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. യുവമോര്‍ച്ചയുടെ നാനൂറോളം പേര്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഈ രഹസ്യം മറയ്ക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് എന്ന് മന്ത്രി ആരോപിച്ചു.
“യുവമോര്‍ച്ചയിലോ ബിജെപിയിലോ ആര് തുടര്‍ന്നാലും ആര്‍ക്കും പ്രശ്നമില്ല. ആ രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഎമ്മില്‍ വന്നാല്‍ പ്രശ്നമായി. രഹസ്യങ്ങള്‍ പുറത്താകുമല്ലോ. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലാണ് മന്ത്രി എന്ന നിലയില്‍ പങ്കെടുത്തത്. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് എത്തുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. ഇത് വലിയ രീതിയില്‍ അന്ധാളിപ്പ് ചിലര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്.” – വീണ ജോര്‍ജ് പറഞ്ഞു.
കാപ്പ പ്രതി ശരണ്‍ ചന്ദ്രനും വധശ്രമക്കേസ് പ്രതി സുധീഷും ഉള്‍പ്പെടെ 62 പേരെയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ,മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടി അംഗത്വമെടുത്തവരില്‍ ഒരാളായ യദുകൃഷ്ണന്‍ കഞ്ചാവ് കേസിലും പിടിയിലായി. ക്രിമിനല്‍ക്കേസ് പ്രതികളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് സിപിഎമ്മിലും പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്.
തിരുത്തല്‍ നടപടിക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചപ്പോഴാണ് ക്രിമിനലുകളെ പാര്‍ട്ടി പരസ്യമായി ഒപ്പം കൂട്ടിയത്. മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചത് ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്തു. വിവാദങ്ങള്‍ മാനക്കേടായെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. വിവാദം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷിക്കണം എന്നാണ് ജില്ലയില്‍ നിന്നും ആവശ്യം ഉയരുന്നത്.