പിഎസ്‌സി കോഴ വിവാദത്തില്‍ എല്ലാത്തിനോടും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ലെന്ന് സിപിഎം പുറത്താക്കിയ പ്രമോദ് കോട്ടൂളി. പാര്‍ട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത് ആരാണ് എന്നത് പുറത്തു കൊണ്ടുവരണം. അതിനായി നിയമ പോരാട്ടം നടത്തും. അഭിഭാഷകനുമായി ആലോചിച്ച് അതിന് ആവശ്യമായ നടപടി തുടരുമെന്നും പ്രമോദ് പറഞ്ഞു. താന്‍ കോഴ വാങ്ങിയോ ഇല്ലയോ എന്ന് ജനങ്ങള്‍ അറിയണം. ഒപ്പം പാര്‍ട്ടിയ തെറ്റിദ്ധരിപ്പിച്ച ശക്തി ഏതാണെന്നും അറിയണം. അതിനുളള ശ്രമമാണ് നടത്തുന്നതെന്നും പ്രമോദ് പറഞ്ഞു.
സാമ്പത്തികമായ ആരോപണമാണ് ഉയര്‍ന്നത്. അതില്‍ വ്യക്തത വന്നില്ലെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടി മോശമാകും. അത് അംഗീകരിക്കാന്‍ കഴിയില്ല. സിപിഎമ്മിനെ തള്ളിപ്പറയാനില്ല. തെറ്റായ തീരുമാനം എടുത്തവര്‍ തിരുത്തണം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പ്രമോദ് പ്രതികരിച്ചു.
പ്രമോദിനെതിരായ പാര്‍ട്ടി നടപടിയില്‍ സോഷ്യല്‍ മീഡിയയിലും പോര് നടക്കുകയാണ്. പുറത്താക്കിയ വിവരം പങ്കുവച്ചുള്ള ജില്ലാകമ്മറ്റി അംഗം പ്രേംകുമാറിന്റെ പോസ്റ്റില്‍ പ്രമോദ് തന്നെ കമന്റിട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നാണ് കമന്റ്.