ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനുള്ളില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലാ സമ്മേളനത്തിന്റൈ പ്രതിനിധി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഭാഗീയത നടത്തുന്നവര്‍ക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് വിചാരിക്കരുതെന്നും പിണറായി വിജയന് മുന്നറിയിപ്പ് നല്കി.
പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണം നേതാക്കന്മാര് തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ്. മുകളില്‍ നിന്ന് ആരും സംരക്ഷിക്കാന്‍ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവര്‍ത്തനം തുടരുന്നത് അംഗീകരിക്കാനാകില്ല. കുട്ടനാട്, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ ഏരിയകളിലെ വിഭാഗീയത എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം വിലയിരുത്താനോ പരിഹാരം കാണാനോ ഒരു ഘടകവും ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയന് ആരോപിച്ചു. പാര്‍ട്ടി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുന്‍പായിരുന്നു വിമര്‍ശനം.
അതേസമയം പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന നേതാവായ ജി സുധാകരന് വിട്ടുനിന്നു. 1975 ന് ശേഷം സുധാകരന് പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് ഇത്തവണത്തേത്. ജില്ലാ നേതൃത്വത്തോടുള്ള കടുത്ത അമര്‍ഷമാണ് മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും പങ്കെടുത്ത സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.