Politics

രഞ്ജിത്തിനും ശശിക്കും ബാധകമായത് മുകേഷിന് ബാധകമല്ലേ; കൊല്ലം എംഎല്‍എയുടെ കാര്യത്തില്‍ സിപിഎം വെട്ടില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്തുവന്ന ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ സംരക്ഷിക്കാന്‍ സിപിഎം. സമാന ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിക്കാതിരുന്ന പാര്‍ട്ടിയാണ് മുകേഷിന്റെ കാര്യത്തില്‍ ചുവടുമാറ്റുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടതോടെയാണ് ലൈംഗികപീഡന പരാതികളുമായി നടിമാര്‍ രംഗത്തെത്തിയത്. ബംഗാളി നടി ആരോപണം ഉന്നയിച്ചപ്പോള്‍ ആദ്യം രഞ്ജിത്തിനെ സംരക്ഷിച്ച പാര്‍ട്ടിയും സര്‍ക്കാരും പിന്നീട് ചുവടുമാറ്റുകയായിരുന്നു. ഇതോടുകൂടിയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്നത്.

എന്നാല്‍ മുകേഷിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സിപിഎമ്മിന്റെത്. ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ യുഡിഎഫ് എംഎൽഎമാർ രാജിവച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രക്ഷോഭം തുടങ്ങിയതോടെ സൂക്ഷിച്ചുള്ള നിലപാടിലേക്കാണ് സിപിഎം മാറുന്നത്. മുകേഷ് രാജിവച്ചാല്‍ അതൊരു രാഷ്ട്രീയ തിരിച്ചടിയാകും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണ് പാര്‍ട്ടിയുടേത്. മുകേഷിന്‍റെ കൊല്ലത്തെ വീട്ടിലേക്ക് ഇന്നലെ മഹിളാ കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. മുകേഷിന്റെ രാജി ഇല്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചേക്കും.

കലണ്ടര്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് മുകേഷ് ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടി മീനു മുനീര്‍ വെളിപ്പെടുത്തിയത്. എതിര്‍ത്തതോടെ തന്റെ അമ്മയിലെ അംഗത്വം മുകേഷ് ഇടപെട്ട് ഇല്ലാതാക്കിയെന്നും നടി ആരോപിച്ചു. ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ തുടങ്ങിയവര്‍ക്ക് എതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കാനാണ് നടിയുടെ നീക്കം. മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും രംഗത്തെത്തിയിരുന്നു. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി എന്നാണ് ടെസ് ജോസഫ്‌ പറഞ്ഞത്. ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌താല്‍ സിപിഎമ്മിന് അത് തലവേദനയാകും.

തെറ്റ് തിരുത്തല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് നടപ്പിലാക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു ബോംബായി സിപിഎമ്മിന് മുന്നില്‍ എത്തിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി.കെ.ശശിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും സിപിഎം കഴിഞ്ഞ ദിവസമാണ് നീക്കം ചെയ്തത്. ലൈംഗിക പീഡന ആരോപണത്തിന്റെ നിഴലിലുള്ള ശശിക്ക് എതിരെ ഫണ്ട് വെട്ടിപ്പാണ് ഈയിടെ ഉയര്‍ന്നത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നത്. രഞ്ജിത്തിനും ശശിക്കും ബാധകമായത് മുകേഷിന് ബാധകമല്ലേ എന്ന ചോദ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top