Kerala
സി പി എം ന് രഹസ്യ അക്കൗണ്ടില്ല,എല്ലാം സുതാര്യം: പിണറായി വിജയൻ
കൊച്ചി: കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്സ്മെന്‍റ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കരുവന്നൂരിൽ അടക്കം സഹകരണ ബാങ്കുകളിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇഡിയുടെ വാദങ്ങൾ തള്ളുന്നത്. സിപിഎം സുതാര്യമായാണ് പ്രവർത്തിക്കുന്നത്. ലെവിയും സംഭാവനയുമാണ് പാർട്ടിയുടെ വരുമാനം. എല്ലാം പാർട്ടിയുടെ പാൻ നമ്പറുമായി ബന്ധിപ്പിച്ചതും ഓഡിറ്റിന് വിധേയമായതുമാണെന്ന് മുഖ്യമന്ത്രി പറയുന്നു.
അതേസമയം, രഹസ്യ അക്കൗണ്ട് സംബന്ധിച്ച അന്വേഷണത്തിൽ ഇഡി ശക്തമായ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് ഇളവ് വേണമെന്ന സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം തള്ളി നാളെ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇഡി നിലപാട് കടുപ്പിചതോടെ ഇന്ന് സംസഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു ചോദ്യം ചെയ്യതിന് ഹാജരായി.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിലാണ് പ്രധാനമായും ചോദ്യം ചെയ്യൽ. കരുവന്നൂർ ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ ചെയര്‍മാനും ബിജു ആയിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ വിവരങ്ങളും ബിജുവിന് അറിയാമെന്ന് ഇഡി വിശദീകരിക്കുന്നു.