തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചര്‍ച്ചയിലേക്ക് കടന്ന് സിപിഎം. തിരുവനന്തപുരത്ത് വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ നടക്കുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്നും തുടരും. ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍, ഇന്ത്യ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്നു ചര്‍ച്ചയാകും.
ഓരോ സംസ്ഥാനത്തെയും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ച് സഖ്യങ്ങള്‍ ഉണ്ടാക്കണമെന്നാണ് ഇന്നലത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന പൊതു വികാരം. കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ അവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതും ചര്‍ച്ചയായി. ലോക്‌സഭയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
തമിഴ്‌നാട് മാതൃകയില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ പരമാവധി സീറ്റുകളില്‍ മത്സരിച്ചു ജയിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കേണ്ട കര്‍മപരിപാടി ഇന്നും നാളെയുമായി തയാറാക്കും. സംസ്ഥാനത്തെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമോ എന്നതില്‍ വ്യക്തതയില്ല. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തിലും കേന്ദ്രക്കമ്മിറ്റി ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക.