Kerala
കേരള കോണ്‍ഗ്രസിനായി വാദിച്ച് സിപിഎം; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ സിപിഐ; ഇടതുമുന്നണിയിലെ രാജ്യസഭാ സീറ്റ് വിഭജനം കീറാമുട്ടി
ഇടതു മുന്നണിയിലെ രാജ്യസഭാ സീറ്റ് ചര്‍ച്ചയില്‍ കടുത്ത നിലപാടുമായി സിപിഐ. ഇന്ന് എകെജി സെന്റിറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കര്‍ശന നിലപാട് അറിയിച്ചു. എംപിമാര്‍ ആരും ഇല്ലാത്ത അവസ്ഥയിലാണ് കേരളത്തില്‍ പാര്‍ട്ടി. അതിനാല്‍ കൈയ്യിലുളള സീറ്റ് ഒരു കാരണവശാലും വിട്ട് നല്‍കില്ലെന്നും സിപിഐ വ്യക്തമാക്കി.
ഉഭയകക്ഷി ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് വിട്ട് നല്‍കണമെന്ന ആവശ്യമാണ് സിപിഎം മുന്നോട്ടുവച്ചത്. മുന്നണിയുടെ കെട്ടുറപ്പിന് അത് ആവശ്യമാണ്. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തവണ സീറ്റ് നല്‍കാന്‍ തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐ ഇത് അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരാണ് സിപിഐയുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റാണ്. ആശയപരമായ ഒരു ചര്‍ച്ച മാത്രമാണ് പൂര്‍ത്തിയായത്. തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.