Kerala

മുഖ്യമന്ത്രി മാറണമെന്ന ആവശ്യം സിപിഐക്കില്ല; ഭരണവിരുദ്ധ വികാരം പരാജയത്തിന് കാരണമായിട്ടുണ്ട്; പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നേതൃമാറ്റമെന്ന ആവശ്യം സിപിഐയില്‍ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തും. വീഴ്ചകള്‍ പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളെ ബാധിക്കുന്ന ക്ഷേമ പെന്‍ഷന്‍, സപ്ലൈകോ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. തൃശൂരിലെ തോല്‍വി നല്‍കിയത് വലിയ പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. അത്തരം ഒരു ചര്‍ച്ചയും ഇതുവരെയുണ്ടായിട്ടില്ല. ദേശീയതലത്തില്‍ പോലും ഇത്തരമൊരു കാര്യം ചര്‍ച്ചയായിട്ടില്ല. വീഴ്ചകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ യോഗങ്ങളില്‍ വലിയ വിമര്‍ശനമുണ്ടായെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുഖ്യമന്ത്രി മാറാതെ തിരച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആര്‍ജവം കാട്ടണമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് തിരിച്ചടിക്ക് കാരണമായതെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ നേതൃത്വം ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top